സാഹിത്യമഞ്‌ജരി പുരസ്‌കാരം 2015

സാഹിത്യമഞ്‌ജരി പുരസ്‌കാരം 2015

ഒരു ജനതയുടെ രാഷ്ട്രീയവും വൈകാരികവും ആശയപരവുമായ തലത്തെ കവിതയുടെ രാസത്വരകമായി ഉപയോഗിച്ച കവിയാണ്‌ വള്ളത്തോള്‍. ഭാരതത്തിന്റെ ഉത്ഥാനഘട്ടത്തില്‍ ദിശാബോധവും വെളിച്ചവും പകര്‍ന്ന്‌ കേരളത്തെ മുഖ്യധാരയിലേയ്‌ക്കെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നും സാഹിത്യമഞ്‌ജരിപുരസ്‌കാരച്ചടങ്ങില്‍ നടന്ന വള്ളത്തോള്‍ അനുസ്‌മരണപ്രഭാഷണത്തില്‍ മലയാളസര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍ കെ. ജയകുമാര്‍ ഐ.എ.എസ്‌ അഭിപ്രായപ്പെട്ടു.

അധോമുഖവാമനന്മാരായി ആധുനികസമൂഹം മാറിക്കൊണ്ടിരിക്കുകയാണെന്നും ഗൗരവപൂര്‍ണ്ണമായ സ്വപ്‌നം കാണുവാന്‍ ആധുനികകവികള്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷത്തെ പുരസ്‌കാരം പി.ആര്‍. സൗമ്യയ്‌ക്ക്‌ മഹാകവി അക്കിത്തം സമര്‍പ്പിച്ചു. പഞ്ചേന്ദ്രിയങ്ങളെ പ്രചോദിപ്പിക്കുന്നതാണ്‌ വള്ളത്തോള്‍ക്കവിതയെന്നും വായിക്കുന്നതിനേക്കാളും ആസ്വദിക്കുന്നതിനേക്കാളും ദൃശ്യഭംഗി നല്‍കുന്നതാണ്‌ വള്ളത്തോളിന്റെ കവിതയെന്നും പുരസ്‌കാരം സ്വീകരിച്ചുകൊണ്ട്‌ പി.ആര്‍. സൗമ്യ അഭിപ്രായപ്പെട്ടു.

തുടര്‍ന്ന്‌ ഉണ്ണികൃഷ്‌ണന്‍ ചെറുതുരുത്തിയുടെ കവിതാലാപനവും വള്ളത്തോള്‍ ജയന്തിയോടനുബന്ധിച്ചു നടന്ന കലാമത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.

ഡോ. എം.ആര്‍. രാഘവവാരിയര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. ചാത്തനാത്ത്‌ അച്യുതനുണ്ണി സ്വാഗതവും കോളേജ്‌ പ്രിന്‍സിപ്പല്‍ പി. ഐവി നന്ദിയും പറഞ്ഞു.